കാലടി: വേനല്‍ കടുത്തതോടെ ചെറുനാരങ്ങയുടെ വില കുത്തനെ ഉയരുന്നു. കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിലാണ് മൊത്ത വില. വേനലിന് മുമ്പ് 50 മുതൽ 60 രൂപയായിരുന്നു വില. ഇതാണ് ഇപ്പോള്‍ കുതിച്ചുയർന്ന് 250 ല്‍ എത്തിയിരിക്കുന്നത്.
ചില്ലറ മാര്‍ക്കറ്റില്‍ ഒരു നാരങ്ങയ്ക്ക് അഞ്ച് രൂപ മുതൽ 10 രൂപയ്ക്കടുത്ത് വരെ നല്‍കണം. കഴിഞ്ഞ മാസം 100-120 രൂപയായിരുന്നു. വേനല്‍ കടുത്തതും ലഭ്യത കുറഞ്ഞതുമാണ് വില കുതിച്ചുയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. വിഷുത്തലേന്ന് 180 രൂപയായിരുന്നു ചെറു നാരങ്ങ വില. ചൂട് ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ വില ഉടനെ കുറയാന്‍ സാധ്യതയില്ല.
നാരങ്ങയ്ക്ക് മാത്രമല്ല, നാരങ്ങാ വെള്ളത്തിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. 15 രൂപ മുതല്‍ ലഭിച്ചിരുന്ന നാരങ്ങാ വെള്ളത്തിന് പലയിടത്തും 25 രൂപ വരെയാണ് ഇടാക്കുന്നത്.